അണ്ടല്ലൂർ ദൈവത്താർ - നിഗൂഡമായ ദേവ ചൈതന്യം

തലശ്ശേരിയ്ക്കടുത്ത് അണ്ടല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അണ്ടല്ലൂർ കാവും പ്രധാന മൂർത്തിയായ ദൈവത്താറീശ്വരനും നിഗൂഢമായ ചരിത്ര പശ്ചാത്തലങ്ങളും സംസ്കാര സമ്പന്നമായ ആചാരനുഷ്ടാങ്ങളും കൊണ്ട് അടുത്തറിയാൻ ശ്രമിക്കുന്ന ഏതൊരാളേയും ഭ്രമിപ്പിക്കുന്ന ദേവചൈതന്യം തന്നെയാണ്. ഉത്തരകേരളത്തിലെ കാവുകളിൽ പ്രഥമഗണനീയ സ്ഥാനമാണ് അണ്ടല്ലൂർ കാവിനുള്ളത്. വിശിഷ്ടങ്ങളായ ആചാരനുഷ്ടാനങ്ങളും ഇന്നും എല്ലാ ചിട്ടവട്ടങ്ങളോടും കൂടി നടക്കുന്ന ഉത്സവവും ഈ കാവിൻ്റെ പ്രൗഢിയും മഹത്വവും വിളിച്ചോതുന്നു.
ദൈവത്താറീശ്വരനെ കൂടാതെ അങ്കക്കാരൻ, ബപ്പൂരൻ, ഇളംകരുമകൻ,പൂതാടി, അതിരാളവും മക്കളും, നാഗകന്യക, നാഗകണ്‌ഠന്‍,പുതുച്ചേകോന്‍,തൂവക്കാരി,പൊന്‍മകന്‍,വേട്ടയ്‌ക്കൊരുമകന്‍ എന്നീ തെയ്യക്കോലങ്ങളാണ് അണ്ടല്ലൂർ കാവിൽ കെട്ടിയാടിക്കുന്നത്. കുംഭ മാസത്തിൽ നടക്കുന്ന ഉത്സവം ധർമടം, അണ്ടല്ലൂർ, മേലൂർ, പാലയാട് ദേശക്കാരുടെ നേതൃത്വത്തിൽ ആ നാടിൻ്റെ മഹോത്സവമായി കൊണ്ടാടപ്പെടുന്നു. ആ പ്രദേശത്തെ എല്ലാ ജാതി മതസ്ഥർക്കും അവകാശമുള്ളതാണ് ഉത്സവത്തിലെ ചടങ്ങുകൾ. തീയ സമുദായത്തിൻ്റെ ഉടമസ്ഥതതയിലുള്ള കാവിൽ ഉത്സവത്തിന് ആശാരി,കാവുതീയ, മുകയർ, തട്ടാൻ, കൊല്ലൻ, വാണിയൻ, മലയൻ, വണ്ണാൻ, പുലയർ, ബ്രാഹ്മണൻ, കുശവർ, മുക്കുവർ തുടങ്ങി എല്ലാ ജാതികൾക്കും അവകാശങ്ങളുണ്ട്. എന്തിനേറെ മുസ്ലീം രാജവംശമായ അറക്കൽ രാജവംശത്തിലെ അംഗങ്ങൾക്കും ഉത്സവത്തിൽ സ്ഥാനമുണ്ട്. വളരേയേറെ ചിട്ടവട്ടങ്ങളോടു കൂടിയാണ് ഉത്സവം കൊണ്ടാടുന്നത്. ഉത്സവം തുടങ്ങിയാൽ പ്രദേശത്തുകാർ ആരും മത്സ്യ-മാംസാദികൾ ഉപയോഗിക്കാറില്ല. പുരാതന ഗ്രാമീണ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന അങ്കം വെട്ടൽ, പൊയ്ത്ത് തുടങ്ങി ആയോധന കലയ്ക്ക് പ്രാമുഖ്യം നൽകുന്ന ഒട്ടനവധി ചടങ്ങുകൾ ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങിലെത്തുന്നു. നാടിൻ്റെ ഈശ്വരനായ ദൈവത്താർ എഴുന്നള്ളി തൻ്റെ ഭക്തർക്ക് അനുഗ്രഹമേകും. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രധാന മൂർത്തിയായ ദൈവത്താർ സംസാരിക്കാറില്ല എന്നതാണ് ഇവിടത്തെ പ്രത്യേകത.

ഐതീഹ്യം - ചരിത്രം
* * * * * * * * * * * * * *
അണ്ടല്ലൂർ ദൈവത്താറെന്ന ചൈതന്യ മൂർത്തിയുടെ ഉത്പത്തി പരിശോധിച്ചാൽ കൃത്യമായ ഒരു നിഗമനത്തിലെത്തിച്ചേരാൻ സാധിക്കണമെന്നില്ല. ദൈവത്താറിൻ്റെ വേരുകൾ നൂറ്റാണ്ടുകൾക്കപ്പുറത്തുള്ള നമ്മുടെ നാടിൻ്റെ സംസ്കാരങ്ങളിലേക്ക് ആഴ്ന്നു കിടക്കുന്നതായി മനസ്സിലാക്കാം. ഏതെങ്കിലുമൊരു പ്രത്യേക കാലഘട്ടമോ പ്രത്യേക സംസ്കാരമോ വേർതിരിച്ചെടുക്കാനാവാത്ത വിധം ഒരു നിഗൂഡത അതിലലിഞ്ഞു ചേർന്നിരിക്കുന്നതായി അനുഭവപ്പെടാം. ദൈവത്താറിൻ്റെ ഉത്ഭവത്തെപ്പറ്റി പ്രചരിക്കുന്ന വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്. അവയിലേതെങ്കിലുമൊന്നു തന്നെയാകാം യാഥാർത്ഥ്യം എന്നു തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവയുടെ രത്നച്ചുരുക്കം ഈ വിധമാണ്.

ദൈവത്താറിൻ്റേതായി ഇന്ന് പ്രചുര പ്രചാരത്തിലുള്ള ഐതിഹ്യം രാമായണ കഥയുമായി ബന്ധപ്പെട്ടതാണ്. ദൈവത്താർ ശ്രീരാമ ചൈതന്യമാണെന്നും മറ്റു തെയ്യക്കോലങ്ങൾ എല്ലാം രാമായണത്തിലെ വിവിധ കഥാപാത്രങ്ങൾ ആണെന്നും പറയപ്പെടുന്നു. സീതാ സ്വയംവരം സമയത്ത് ശ്രീരാമൻ ശൈവചാപം ഒടിച്ചപ്പോൾ ഒരു കഷ്ണം തെറിച്ചുവീണ സ്ഥലമാണ് അണ്ടല്ലൂർ എന്ന് ഈ ഐതിഹ്യപ്രകാരം പറയുന്നു. വില്ല് ആണ്ട ഊര് ആണ് ആണ്ടല്ലൂർ അഥവാ അണ്ടല്ലൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. പിൽക്കാലത്ത് സീതാന്വേഷണ സമയത്ത് കേരളക്കരയിലെത്തിയ ശ്രീരാമൻ അണ്ടല്ലൂരിൽ വിഗ്രഹപ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണത്രേ അണ്ടല്ലൂർ കാവ്.
അണ്ടല്ലൂർ കാവ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾ രാമായണ കഥയിലെ സീതാന്വേഷണത്തിൻ്റെ അനുസ്മരണമാണെന്ന് ഈ ഐതിഹ്യ പ്രകാരം വിശ്വസിക്കപ്പെടുന്നു. മേലേക്കാവിൽ നിന്നും താഴേക്കാവിലേക്കുള്ള ദൈവത്താറിൻ്റെ വരവിനെ ശ്രീരാമൻ്റെ ലങ്കാ യാത്രയുടെ അനുസ്മരണമായാണ് കാണുന്നത്. തുടർന്ന് താഴേക്കാവിൽ വെച്ച് നടക്കുന്ന അങ്കക്കാരൻ്റെ ആട്ടം രാമ-രാവണയുദ്ധമായും കണക്കാക്കുന്നു.

എന്നാൽ രാമായണ കഥയുമായി ബന്ധപ്പെട്ടുള്ള ഈ ഐതീഹ്യത്തെ പാടെ നിരാകരിച്ചു കൊണ്ടുള്ള പഠനങ്ങളും നിഗമനങ്ങളും നിലവിലുണ്ട്. അണ്ടല്ലൂർ ദൈവത്താർ എന്ന മൂർത്തിയെ ഐതീഹ്യത്തിൻ്റെ ബന്ധനങ്ങളില്ലാതെ യുക്തി സഹമായി നോക്കിക്കാണാൻ ഈ പഠനങ്ങൾ ആവശ്യപ്പെടുന്നു. അണ്ടല്ലൂർ കാവ് സ്ഥിതി ചെയ്യുന്ന ധർമ്മടം എന്ന നാടിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിലേക്ക്,സങ്കര സംസ്കൃതിയിലേക്ക് വെളിച്ചം വീശുകയാണ് ഇത്തരം പഠനങ്ങൾ.

കോലത്തുനാട്ടിലെ അതീവ പ്രാധാന്യമുള്ള തുറമുഖ നഗരവും അതിലുപരി ബുദ്ധ സംസ്കാരം നൂറ്റാണ്ടുകളോളം നിലനിർത്തിപ്പോന്ന പ്രദേശവുമായിരുന്നു ധർമടം അഥവാ ധർമ്മപട്ടണം. അണ്ടല്ലൂർ കേന്ദ്രമാക്കി അവിടെ ഭരണം നടത്തിയിരുന്ന ബൗദ്ധ പാരമ്പര്യമുള്ള മഹാവീരനും ജനസേവകനുമായ തീയ നാടുവാഴിയുടെ ഭരണത്തിൻ്റേയും ഒരുപക്ഷെ ചതിയിൽ അവസാനിച്ചുപോയ ജീവിതകാലത്തിൻ്റേയും ശോക സ്മരണയാവാം അണ്ടലൂർ കാവ് ഉത്സവമെന്ന് ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

(Would rather use the more contemporary word:
Inspired)

Comments

Popular Posts